30 May, 2023 06:32:12 PM
കോട്ടയം ജില്ലയില്‍ തൊഴിലൊരുക്ക പരിശീലനവും പ്ലേസ്മെന്റ് ഡ്രൈവും
കോട്ടയം: കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിലൊരുക്ക പരിശീലനങ്ങൾ ആരംഭിച്ചു. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കായി പ്ലേസ്മെന്‍റ് ഡ്രൈവും നടത്തും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക തൊഴിലൊരുക്ക പരിശീലനത്തെ തുടർന്ന് നടക്കുന്ന പ്ലെയ്സ്മെന്റ് ഡ്രൈവിൽ പ്രമുഖ കമ്പനികൾ തൊഴിൽ ദാതാക്കളായി പങ്കെടുക്കും.
മുണ്ടക്കയം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലുമാണ് തൊഴിലന്വേഷകരെ തൊഴിൽ സജ്ജരാക്കുന്നതിനായുള്ള പരിശീലനം നടന്നുവരുന്നത്. കുറിച്ചിയിൽ 25 പേരടങ്ങുന്ന ബാച്ച് പരിശീലനം പൂർത്തിയാക്കി തൊഴിൽ മേളക്കുള്ള തയാറെടുപ്പിലാണ്. ഈരാറ്റുപേട്ടയിൽ ജൂൺ ആദ്യവാരമായിരിക്കും പരിശീലനവും പ്ലെയ്സ്മെന്റ് ഡ്രൈവും. ഉദ്യോഗാർത്ഥികളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനും അഭിമുഖങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്തുന്നതിനും സഹായകമായ രീതിയിലാണ് പരിശീലനം സജ്ജീകരിച്ചിരിക്കുന്നത്. നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി.ഡബ്ല്യു.എം.എസിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്കാണ് പരിശീലനം ലഭ്യമാകുക.
തെരഞ്ഞെടുക്കപ്പെട്ട 132 തൊഴിലന്വേഷകരാണ് അഞ്ച് ബാച്ചുകളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. അസാപ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. നോളജ് ഇക്കോണമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായാണ് തൊഴിലൊരുക്ക പരിശീലനവും പ്ലേസ്മെന്റ് ഡ്രൈവും.