26 April, 2023 07:01:56 PM
ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ സംസ്കൃതം പഠിപ്പിക്കുവാൻ ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സംസ്കൃതം പഠിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും ധാരണാപത്രം ഒപ്പിട്ടതായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു.
തുടക്കം എന്ന നിലയിൽ സംസ്കൃത അധ്യാപകർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ശില്പശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ആയുർവേദം, സംസ്കൃതം വിഭാഗങ്ങളിലെ പി. ജി., പിഎച്ച്. ഡി. പ്രോഗ്രാമുകളിലെ അധ്യാപനം, ഗവേഷണം എന്നിവയിൽ സഹകരണം, കോൺഫറൻസുകൾ, സെമിനാറുകൾ, ശില്പശാലകൾ, ഓറിയന്‍റേഷൻ, റിഫ്രഷർ പ്രോഗ്രാമുകൾ എന്നിവയിൽ പങ്കാളിത്തം തുടങ്ങിയവയിലും ധാരണയായിട്ടുണ്ട്.
ആയുർവേദ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആയുർവേദ ഗ്രന്ഥങ്ങൾ സൂക്ഷ്മമായി പഠിക്കുന്നതിന് ഉതകുന്ന ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാനാണ് ധാരണയായിട്ടുളളത്. ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ ഡോ. സി. പി. വിജയൻ, രജിസ്ട്രാർ ഡോ. എ. കെ. മനോജ്കുമാർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. കെ. യമുന, ഡോ. എം. സത്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.