25 April, 2023 06:11:37 PM


വിദ്യാർഥികേന്ദ്രീകൃത കാഴ്ചപ്പാടോടെ കരിക്കുലത്തിൽ ഭേദഗതി വരുത്തും - മന്ത്രി ബിന്ദു



കോട്ടയം: ഉന്നതവിദ്യാഭ്യാസമേഖലയിൽ വിദ്യാർഥികേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ കരിക്കുലത്തിൽ ഭേദഗതി വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. നാട്ടകം ഗവൺമെന്റ് കോളജിൽ 14 കോടി രൂപ മുടക്കി പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെയും കോളജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കരിക്കുലം ഭേദഗതിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ഉന്നമനത്തിനുതകുന്ന അഭിപ്രായങ്ങളും ദിശാബോധത്തോടെയുള്ള ഇടപെടലുകളും അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അധ്യാപകർക്ക് ഏറെ ഉത്തരവാദിത്തമുണ്ട്. പ്രായോഗികമായ പഠനം ശാസ്ത്രീയമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകോത്തരനിലവാരത്തിലേക്ക് ഉന്നതവിദ്യാഭ്യാസരംഗം ഉയർത്തുന്നതിനായി തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം ഒഴിവാക്കും. പഠനശേഷം ആത്മവിശ്വാസത്തോടെ തൊഴിൽ ആരംഭിക്കാനുള്ള സാഹചര്യമുറപ്പാക്കും. സാമ്പ്രദായിക കോഴ്സുകൾ പഠിക്കുമ്പോൾ തൊഴിൽ ലഭിക്കുന്നില്ലെന്ന പരിമിതികൾ മറികടക്കും. നൈപുണ്യാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകും. നൂതനാശയത്തോടെ തൊഴിൽ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് 25 ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുന്നു. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ തൊഴിലന്വേഷകരായി മാറാതെ തൊഴിൽ സൃഷ്ടാക്കളും ദാതാക്കളുമാക്കി മാറണം. 1000 കോടി രൂപയിലധികമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനും ശാക്തീകരണത്തിനുമായി കഴിഞ്ഞ രണ്ട് ബജറ്റിലും മാറ്റി വച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾ വിദേശത്തേക്ക് പഠനത്തിനായി പലായനം ചെയ്യുന്നത് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കൂടുതൽ ഇന്നവേഷൻ സെന്ററുകളും ഇൻക്യുബേഷൻ സെന്ററുകളും സ്ഥാപിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മുന്നോട്ട് വരുന്ന കാലഘട്ടമാണിത്. നിരവധി പരിമിതികളും പ്രയാസങ്ങളും മറികടന്നാണ് നാട്ടകം കോളജ് ഈ നിലയിലെത്തിയത്. അക്കാദമിക രംഗത്തും പാഠ്യേതരരംഗത്തും മികച്ച നേട്ടം കൈവരിക്കാൻ നാട്ടകം കോളേജിനായതായും മന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ നിർമിച്ച അക്കാദമിക ബ്ലോക്ക്, കേരള സർക്കാരിന്റെ സെന്റർ ഓഫ് എക്‌സലൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ലൈബ്രറി ബ്ലോക്ക്, കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടും റൂസാ ഫണ്ടും ഉപയോഗിച്ച് നിർമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നീ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി., മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, നഗരസഭാംഗം ദീപാ മോൾ, കോളജ് പ്രിൻസിപ്പൽ ഡോ.ആർ. പ്രഗാഷ്, ജനറൽ കൺവീനർ ഡോ. സെനോ ജോസ് എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K