25 March, 2023 05:14:51 PM
വ്യവഹാരങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടണം - അഡ്വക്കേറ്റ് ജനറൽ
കൊച്ചി: നുവാൽസിൽ എം കെ ദാമോദരൻ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രോസിക്യൂട്ടർമാർക്കു പരിശീലനം. പ്രോസിക്യൂഷൻ നടപടികൾ ഉൾപ്പെടെയുള്ള വ്യവഹാരങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് അഭിപ്രായപ്പെട്ടു. ജില്ലാതല പ്രോസിക്യൂട്ടർമാർക്കായി നുവാൽസിൽ നടന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി എ ഷാജി അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ മനോജ് കെ ജോൺ, നുവാൽസ് സ്പെഷ്യൽ ഓഫീസർ മഹാദേവ് എം ജി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പരിശീലന സെഷനുകളിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു , മഞ്ചേരി ഗവ മെഡിക്കൽ കോളേജ് പോലീസ് സർജൻ ഡോ ഹിതേഷ് ശങ്കർ ടി എസ് എന്നിവർ ക്ലാസെടുത്തു. നാൽപ്പത്തഞ്ചോളം ജില്ലാ ഗവ പ്ളീഡർമാർ പരിശീലന കളരിയിൽ പങ്കെടുത്തു.
ചിത്രവിവരണം: ജില്ലാതല പ്രോസിക്യൂട്ടർമാർക്കായി നുവാൽസിൽ നടന്ന ഏകദിന പരിശീലന കളരി അഡ്വ ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. ടി എ ഷാജി, മഹാദേവ് എം ജി , മനോജ് കെ ജോൺ , ഡോ ആശാ ജി എന്നിവർ സമീപം.