13 March, 2023 01:45:34 PM


എം.ബി.ബി.എസ്. പഠനം ഒമ്പതുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം



ന്യൂഡൽഹി: മെഡിക്കൽ ബിരുദ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ നടപടികളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ ബിരുദ പഠനത്തിന് പ്രവേശനം നേടിയ വിദ്യാർഥികൾ എം.ബി.ബി.എസ്. പഠനം ഒമ്പത് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ അറിയിച്ചു. ഒന്നാം അധ്യയന വർഷത്തെ എല്ലാ വിഷയങ്ങളും നാലു ശ്രമങ്ങൾക്കുള്ളിൽ വിജയിക്കണം. പുതുതായി പുറത്തിറക്കിയ ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് കരട് നിർദേശത്തിലാണ് ഈ വ്യവസ്ഥകളുള്ളത്.


രാജ്യത്തുടനീളമുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും സ്റ്റുഡന്‍സ് അസോസിയേഷനുകൾ രൂപവത്കരിക്കണം. അതുവഴി വിദ്യാർഥികൾക്കും പൊതു ക്ഷേമ കാര്യങ്ങളിൽ അഭിപ്രായമറിയിക്കാൻ അവസരം ലഭിക്കും. മികവുറ്റ വിദ്യാർഥികൾക്ക് കോഴ്സിനിടയിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ സ്ഥാപനം മാറാൻ അവസരമുണ്ടാകും (സ്റ്റുഡന്‍റ് മൈഗ്രേഷൻ). എങ്കിലും ഒരു സർക്കാർ കോളേജിൽനിന്ന് മറ്റൊരു സർക്കാർ കോളേജിലേക്കോ ഒരു സ്വകാര്യ കോളേജിൽ നിന്ന് മറ്റൊരു സ്വകാര്യ കോളേജിലേക്കോ മാത്രമേ മാറാൻ സാധിക്കൂ. ഒമ്പത് ഓപ്ഷണൽ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. അതിൽ അഞ്ചെണ്ണം നിർബന്ധമായും പഠിക്കണം. ബാക്കി നാലെണ്ണം വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ബയോമെഡിക്കൽ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്‌നോളജി തുടങ്ങിയവയാണ് ചോയ്‌സ് വിഷയങ്ങൾ.


തീർത്തും സ്വീകാര്യമായ കരട് നിർദേശങ്ങളാണ് ഇത് എന്ന് ഋഷികേശ് എയിംസിലെ സർജറി വിഭാഗം പ്രൊഫസർ ഡോ. അമിത് ഗുപ്ത പറഞ്ഞു. പത്തു വർഷത്തിനു മേൽ ഒരാൾ കോഴ്‌സ് വിജയിക്കാതിരിക്കുന്നത് അവരുടെ ഭാഗത്തെ ഗൗരവമില്ലായ്മയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K