19 February, 2023 04:56:38 AM
തുർക്കി ഭൂകമ്പം: കാണാതായ മുന്‍ ഘാന അന്താരാഷ്ട്ര ഫുട്ബോളർ മരിച്ചതായി സ്ഥിരീകരണം
അങ്കാറ: തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ മുന്‍ ഘാന അന്താരാഷ്ട്ര ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അറ്റ്സു താമസിച്ചിരുന്ന സതേണ്‍ തുര്‍ക്കിയിലെ ഹതായിയിലെ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തില്‍ അറ്റ്സു താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുവീണിരുന്നു. ഇതിനുപിന്നാലെ അറ്റ്സുവിനെ കാണാതാവുകയും ചെയ്തു. എന്നാല്‍ താരത്തെ രക്ഷപ്പെടുത്തിയതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും വൈകാതെ തന്നെ അത് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് താരം മരിച്ചതായി സ്ഥിരീകരിക്കുന്നത്.
2013-17 വരെ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ താരമായിരുന്നു ക്രിസ്റ്റ്യന്‍ അറ്റ്സു. തുര്‍ക്കിഷ് ക്ലബായ ഹറ്റിയാസ്പോറിന് വേണ്ടി കളിക്കാനാണ് താരം തുര്‍ക്കിയില്‍ എത്തിയത്. കാസിംപാസയ്ക്കെതിരായ ഹാറ്റെയ്സ്പോറിന്റെ അവസാന മത്സരത്തില്‍ അറ്റ്സുവിന്റെ ടീം ജയിച്ചിരുന്നു.