18 February, 2023 04:52:50 PM


ഏറ്റുമാനൂർ ഐ.ടി.ഐയ്ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം മാർച്ചിൽ - മന്ത്രി വാസവൻ



ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ 7.67 കോടി രൂപ ചെലവിൽ രാജ്യാന്തരനിലവാരത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐ.ടി.ഐ.യിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘ  രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തോമസ് ചാഴികാടൻ എം.പി.,  ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ് ആലഞ്ചേരി, ജനപ്രതിനിധികളായ ബേബിനാസ് അജാസ്, ജോസ് അഞ്ജലി, സിനി ജോർജ്,ഹസീന സുധീർ,ഐസി സാജൻ ,അമ്പിളി പ്രദീപ്, ബിജു വലിയമല, ഐ.ടി.ഐ. പ്രിൻസിപ്പൽ സൂസി ആന്റണി, വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ , കെ.എ.എസ്.ഇ. പ്രോജക്ട് ഡയറക്ടർ എസ്. എസ്. നമ്പൂതിരി,  ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയംഗം മാത്തുക്കുട്ടി മാങ്കോട്ടിൽ, പി.ടി.എ. പ്രസിഡന്റ് സാലി ജോജി, പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് പി.ജി. ബാലകൃഷ്ണപിള്ള, ഐ.ടി.ഐ. വിദ്യാർഥി കൗൺസിൽ ചെയർമാൻ മാഹിൻ റഹിം, ജനറൽ സെക്രട്ടറി മുഹമ്മദ് അഷർ എന്നിവർ പങ്കെടുത്തു.


മന്ത്രി വി.എൻ. വാസവൻ മുഖ്യ രക്ഷാധികാരിയും എം പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവർ രക്ഷാധികാരികളായും മേഖലാ ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എം.എഫ്. സാംരാജ് ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. 

7.67 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം നിർമിച്ചത്. ആധുനിക നിലവാരത്തിലുള്ള ആറു ക്ലാസ് മുറികൾ, ഓഫീസ് മുറി, വർക്ക് ഷോപ്പ്, സെമിനാർ ഹാൾ, സ്റ്റാഫ് റൂം, ഡ്രോയിംഗ് ഹാൾ, പ്ലേയ്സ്മെന്റ് സെൽ റൂം, കാന്റീൻ എന്നിവയടക്കം 24000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് പുതിയ കെട്ടിടം.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്കുള്ള മുറികളും കെട്ടിടത്തിലുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ആറു സ്മാർട്ട് ക്ലാസ് മുറികളാണ് വിദ്യാർഥികൾക്കായി സജ്ജീകരിക്കുന്നത്. എല്ലാ നിലയിലും ടോയ് ലറ്റകളുമുണ്ട്.  കെട്ടിടത്തിലേക്ക് ആവശ്യമായ ജലലഭ്യതയ്ക്കായി മഴ വെള്ളസംഭരണ ടാങ്കും നിർമിച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള അഗ്നിരക്ഷാ സംവിധാനങ്ങളും 320 കിലോവാട്ട് ജനറേറ്റർ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K