16 February, 2023 05:49:07 PM
'നമ്മുടെ ഭരണഘടനയെ അറിയുക'; സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
കൊച്ചി : ഭരണഘടനാ സാക്ഷര കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "നമ്മുടെ ഭരണഘടനയെ അറിയുക" പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി നുവാൽസിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് നിർവഹിച്ചു. പൊതുഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രി ചെയർ പേഴ്‌സണായ, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും ചേർന്ന് വികസിപ്പിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സാണ് 'നമ്മുടെ ഭരണഘടനയെ അറിയുക'.
നുവാൽസ് വിസിയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് (റിട്ട.) സിരി ജഗൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നുവാൽസ് മുൻ വിസി ഡോ. കെ സി സണ്ണി, ഡോ. മിനി എസ്, കൈല ഗവേർണിംഗ് ബോഡി മെമ്പർമാരായ ഡോ. ഫസീല തരകത്ത്, അഡ്വ. ദിനേശ് മാത്യു മുരിക്കൻ, കാർത്തിക് ഗോപാൽ എന്നിവർ ആശംസ നേർന്നു.
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും യുവതയെ ബോധവൽക്കരിക്കുക എന്നതാണ് ഈ പുതിയ കോഴ്‌സിന്റെ ലക്ഷ്യം. അഞ്ച് മൊഡ്യൂളുകളായി 20 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സാണ്. ഈ കോഴ്സ് തികച്ചും സൗജന്യമാണ്. നുവാൽസിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച ഈ കോഴ്സ് കൈലയുടെ ലേർണിംഗ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു സെൽഫ് - പേയ്സ്ഡ് (self-paced) ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്‌സായി ലഭ്യമാണ്. കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
കൈലയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്ത് സൗജന്യമായി കോഴ്സ് ആരംഭിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈലയും നുവാൽസും സംയുക്തമായി നൽകുന്ന ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
ചിത്രവിവരണം - ഭരണഘടനയെ അറിയുക എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഉദ്ഘാടനം അഡ്വ ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഡോ മിനി എസ് , ഡോ. ഫസീല തരകത്ത്, മുൻ വിസി ഡോ കെ സി സണ്ണി , വിസിയുടെ ചുമതല വഹിക്കുന്ന ജസ്റ്റിസ് (റിട്ട.) സിരിജഗൻ എന്നിവർ സമീപം.