16 February, 2023 10:04:42 AM
കൂട്ടില്‍ ഒറ്റയ്ക്ക് കിടന്ന കുരങ്ങ് പ്രസവിച്ചു; പക്ഷെ എങ്ങിനെ? ഉത്തരം കണ്ടെത്തി അധികൃതര്‍
നാഗസാക്കി: മൃഗശാലയിലെ കൂട്ടില്‍ ഒറ്റയ്ക്ക് കിടന്നിരുന്ന കുരങ്ങ് പ്രസവിച്ചു. പക്ഷെ എങ്ങിനെ? ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ ആ രഹസ്യം കണ്ടെത്തി. നാഗസാക്കിയിലെ കുജുകുഷിമ മൃഗശാലയിലെ 12കാരിയായ മോമോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് ഗര്‍ഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും. 2021 ഫ്രെബുവരിയിലാണ് മോമോ കുഞ്ഞിനെ പ്രസവിച്ചത്. സമീപത്തെ കൂടുകളില്‍ ആണ്‍കുരങ്ങുകളുണ്ടെങ്കിലും നല്ല ഉറപ്പുള്ള കമ്പികളാലും വേലികള്‍ കൊണ്ടും ഇവ തമ്മില്‍ വേര്‍തിരിച്ചിരുന്നു.
കുഞ്ഞിന്‍റെ അച്ഛനാരെന്നറിയാന്‍ അധികൃതര്‍ ഒടുവില്‍ ഡിഎന്‍എ പരിശോധന നടത്തി. പരിശോധനയില്‍ മോമോയുടെ കൂടിന് സമീപമുണ്ടായിരുന്ന 34കാരനായ ഇറ്റോ എന്ന ഗിബ്ബണ്‍ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. ഒടുവില്‍ ഇവര്‍ ഇണചേര്‍ന്നതെങ്ങനെയെന്നും മൃഗശാല അധികൃതര്‍ കണ്ടെത്തി. ഇവരെ വേര്‍തിരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ചെറിയ ദ്വാരം ഉണ്ടായിരുന്നു. 9 മില്ലിമീറ്റര്‍ വ്യാസമുള്ള ദ്വാരമാണ് ഈ ബോര്‍ഡിനുണ്ടായിരുന്നത്. ഈ ദ്വാരത്തിലൂടെയാകാം ഇവര്‍ ഇണ ചേര്‍ന്നെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
കുഞ്ഞിന് നിലവില്‍ ഏകദേശം 2 കിലോ (4.4 പൗണ്ട്) ഭാരമുണ്ട്. മോമോയുടെ പരിചരണത്തില്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. 'വിലപ്പെട്ട ഒരു ജീവനാണ്, ഞങ്ങള്‍ അവനെ നന്നായി പരിപാലിക്കും, അവന്‍ ആരോഗ്യത്തോടെ ഏറെ നാള്‍ ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മൃഗശാലയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ഹിഡെകി ഹിസാനോ മാധ്യമങ്ങളോട് പറഞ്ഞു.
മോമോയില്‍ നിന്നും അവളുടെ കുഞ്ഞില്‍ നിന്നും മറ്റ് നാല് ആണ്‍ കുരങ്ങുകളില്‍ നിന്നും എടുത്ത മലം, മുടി എന്നിവ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തി. തുടര്‍ന്നാണ് കുഞ്ഞിന്‍റെ അച്ഛനെ കണ്ടെത്തിയത്. അതേസമയം, അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനായി കൂട്ടില്‍ ദ്വാരമില്ലാത്ത ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്ന് മൃഗശാല സൂപ്രണ്ട് ജുന്‍ യമാനോ പറഞ്ഞു.
ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആശയ വിനിമയം നടത്തുന്ന ഗിബ്ബണുകള്‍ ചെറിയ കുരങ്ങുകളാണ്. വിത്ത് വിതരണത്തില്‍ ഗിബ്ബണ്‍സ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് അവര്‍ താമസിക്കുന്ന വനങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഗിബ്ബണുകള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നുണ്ട്. അവരുടെ അസ്ഥികള്‍ 'മങ്കി ബോണ്‍ ബാം', ടോണിക്ക് എന്നിവ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ജീവികളില്‍ ഒന്നാണ് ഗിബ്ബണ്‍സ്. ഇതിലെ അഞ്ച് ഇനങ്ങള്‍ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ്.