15 November, 2022 02:37:26 PM
സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്ട്ടുമെന്റുകളാക്കാന് അനുവദിക്കില്ല - ഗവര്‍ണര്‍
ന്യൂഡല്‍ഹി: ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവർണർ. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിനെ കുറിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതരുത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല.
കോടതി ഉത്തരവുകളെ ബഹുമാനിക്കണം. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്ട്ടുമെന്റുകളാക്കാന് അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്.
ആരോടും വ്യക്തിപരമായി ശത്രുതയില്ല. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീംകോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.