27 September, 2022 08:31:17 AM
മാംസം കഴിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക ബന്ധം പാടില്ലെന്ന് പെറ്റ
ബെർലിൻ: മാംസം കഴിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക ബന്ധം പാടില്ലെന്ന് മൃഗാവകാശ സംഘടനയായ പെറ്റ. മാംസം കഴിക്കുന്ന പുരുഷന്മാര്‍ ഹരിത ഗൃഹവാതകങ്ങള്‍ക്ക് കാരണമാകുന്നതായി സംഘടന അവകാശപ്പെട്ടു. പെറ്റയുടെ ജര്‍മ്മന്‍ ശാഖയിലെ ഡോക്ടര്‍ കാരിസ് ബെനറ്റാണ് ഇക്കാര്യങ്ങള്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്.
പ്ലോസ് വണ്‍ എന്ന പഠനം ചൂണ്ടിക്കാട്ടിയാണ് മൃഗാവകാശ സംഘടനയുടെ ഈ വിചിത്ര നിര്‍ദ്ദേശം. പഠനമനുസരിച്ച് സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് കാരണക്കാരാകുന്നത്. മാംസാഹാര ശീലങ്ങള്‍ വഴി 41 ശതമാനം അധികമലിനീകരണമാണ് പുരുഷന്മാര്‍ വരുത്തി വെയ്‌ക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സ്ത്രീകള്‍ അവര്‍ക്ക് ലൈംഗികത നിഷേധിക്കണമെന്നും പെറ്റ ആവശ്യപ്പെട്ടു.
കൈയ്യില്‍ ബിയര്‍ കുപ്പികളുമായി വിലകൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ സോസേജുകളില്‍ പാകം ചെയ്യുന്ന പുരുഷന്മാര്‍, പുരുഷത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ ബാര്‍ബിക്യൂകളും ഗ്രില്‍ മാംസവും ഉണ്ടാക്കുന്നു. ഇവര്‍ പരിസ്ഥിതിയെയും മൃഗങ്ങളെയും ദ്രോഹിക്കുകയാണ്.
പുരുഷന്മാര്‍ കൂടുതല്‍ മാംസം കഴിക്കുന്നത് അര്‍ത്ഥമാക്കുന്നത് അവര്‍ക്ക് സ്ത്രീകളേക്കാള്‍ വലിയ കാര്‍ബണ്‍ അളവുണ്ടെന്നാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക് 41 ശതമാനം ഇറച്ചി നികുതിയും ഏര്‍പ്പെടുത്തണമെന്ന് പെറ്റ ആവശ്യപ്പെടുന്നു.
മാംസം കഴിക്കുന്ന പുരുഷന്മാര്‍ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അവകാശപ്പെടുന്നു. പെറ്റയുടെ ഈ പ്രസ്താവനെയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.