15 September, 2022 05:44:51 PM


സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്‍റെ ക്രൂരമര്‍ദനം



ചെന്നൈ: വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപികയ്ക്ക് രക്ഷിതാവിന്റെ ക്രൂരമര്‍ദനം. തമിഴ്‌നാട്ടിലെ പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ആലങ്കുടി കന്യന്‍കൊല്ലിയിലെ സര്‍കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയ്ക്കാണ് മര്‍ദനമേറ്റത്. വനകങ്ങാട് സ്വദേശി ചിത്രവേലിനെതിരെ പൊലീസ് കേസെടുത്തു.

കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ചിത്രവേല്‍ എന്ന രക്ഷിതാവെത്തി അധ്യാപികയെ മര്‍ദിക്കുകയായിരുന്നുവെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. ചിത്രവേലിന്റെ മകന്‍ പഠനത്തില്‍ പിറകോട്ടാണെന്നും ഇതിന് കാരണം അധ്യാപികയാണെന്നും പറഞ്ഞായിരുന്നു മര്‍ദനം. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും സ്‌കൂളിലെ മറ്റ് അധ്യാപകര്‍ പറഞ്ഞു.

ചിത്രാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വടഗാഡ് പൊലീസ് കേസെടുത്തത്. കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് ക്ലാസ് മുറിയിലേക്ക് കയറിവന്ന ചിത്രവേല്‍, അധ്യാപികയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുകയായിരുന്നുവെന്നും വിദ്യാര്‍ഥിയുടെ അവസ്ഥ അധ്യാപിക പറയുന്നതിനിടെ പുറത്തിറങ്ങിയ ചിത്രവേല്‍, വീണ്ടും ക്ലാസിലേയ്ക്ക് കയറിവന്ന് മര്‍ദിക്കുകയായിരുന്നു എന്നും അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K