06 September, 2022 07:04:27 PM
എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ചേട്ടനു പിന്നാലെ അനുജനും ഒന്നാം റാങ്ക്
കോട്ടയം: കേരള എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ മാന്നാനം കെ.ഇ. സ്‌കൂളിലെ വിശ്വനാഥ് വിനോദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. നാലാം തവണയാണ് മാന്നാനം കെ.ഇ. സ്‌കൂള്‍ കേരള എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. അമല്‍ മാത്യു, വിഷ്ണു വിനോദ്, കെ.എസ്. വരുണ്‍ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളില്‍ നിന്നും ഒന്നാം റാങ്ക് നേടിയവര്‍. ഈ വര്‍ഷം ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദ് 2019-ല്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണു വിനോദിന്‍റെ ഇളയ സഹോദരനാണ്. വിശ്വനാഥിനൊപ്പം ആദ്യ പത്ത് റാങ്കുകളില്‍ അനുപം ലോയ് ജീറ്റോ അഞ്ചാം റാങ്കും, അമന്‍ റിഷാല്‍ സി.എച്ച് എട്ടാം റാങ്കും, ദേവ് എല്‍വിസ് കണ്ണത്ത് ഒന്‍പതാം റാങ്കും നേടി.
ഇടുക്കി, അണക്കര ശങ്കരമംഗലത്ത് വിനോദ് കുമാറിന്‍റെയും ചാന്ദിനി വിനോദിന്റെയും മകനാണ് ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദ്. വയനാട് കല്ലോടി ചിറ്റിലപ്പിള്ളി ജീറ്റോ ലൂയിസ് - സ്മിത ജോസ് ദമ്പതികളുടെ മകനാണ് അനുപം ലോയ് ജീറ്റോ.
തുടര്‍ച്ചയായി പ്ലസ് ടു പഠനത്തോടൊപ്പം തന്നെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് യോഗ്യത നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുവാന്‍ മാന്നാനം കെ.ഇ. സ്‌കൂളിന് സാധിക്കുന്നു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നതിനോടൊപ്പം അവരുടെ മാതാപിതാക്കളെയും കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിനെയും നന്ദിയോടെ ഓര്‍ക്കുന്നതായി മാന്നാനം കെ.ഇ.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.
ഫോട്ടോ: കേരള എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിശ്വനാഥ് വിനോദിനെ സ്‌കൂളില്‍ ആദരിച്ചപ്പോള്‍. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി, ബ്രില്ല്യന്‍റ് കോര്‍ഡിനേറ്റര്‍ ബിജു ഒ.റ്റി., മാതാപിതാക്കളായ വിനോദ്കുമാര്‍, ചാന്ദ്‌നി തുടങ്ങിയവര്‍ സമീപം.