23 July, 2022 10:07:40 PM


'സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം'- മുഖ്യമന്ത്രി



തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകി.

കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ നിർദേശത്തിലുണ്ട്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. സ്‌കൂൾ വിദ്യാർത്ഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്‌കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം.

പതാക ഉത്പാദനം കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 12നുള്ളിൽ പതാകകൾ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം. 15ന് സ്‌കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K