08 July, 2022 07:06:37 PM
വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറുന്നില്ല; അധ്യാപകൻ 24 ലക്ഷം രൂപ ശമ്പളം തിരികെ നല്‍കി
പട്ന: രണ്ട് വര്‍ഷത്തെ ശമ്പള തുക തിരികെ നല്‍കി ബിഹാറിലെ ഒരു കോളേജ് അധ്യാപകന്‍. വിദ്യാര്‍ത്ഥികള്‍ തന്‍റെ ക്ലാസുകളില്‍ ഹാജരാകാത്തതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. ഏകദേശം 24 ലക്ഷം രൂപയാണ് മുസാഫര്‍പൂരിലുള്ള നിതീഷേശ്വര്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ ലാലന്‍ കുമാര്‍ തിരികെ നല്‍കിയത്. 2019 സെപ്തംബറില്‍ കുമാര്‍ അധ്യാപകനായി ജോയിന്‍ ചെയ്തതിനു ശേഷം കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസില്‍ പോലും ഇരുന്നിട്ടില്ലെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പഠിപ്പിക്കാതെ ശമ്പളം വാങ്ങാന്‍ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് കുമാര്‍ തന്‍റെ 33 മാസത്തെ ശമ്പളം തിരികെ നല്‍കാന്‍ തീരുമാനിച്ചത്. കോവിഡ് മഹാമാരിയുടെ സമയത്ത് പോലും ഓണ്‍ലൈന്‍ ഹിന്ദി ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം പഠിപ്പിക്കാതെ ശമ്പളം വാങ്ങിയാല്‍ അത് തന്‍റെ കരിയറിലെ ഏറ്റവും വലിയ തോല്‍വിയായിരിക്കുമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിതീഷേശ്വര്‍ കോളേജ് അഫിലിയേറ്റഡ് ആയ ബിആര്‍ അംബേദ്കര്‍ ബീഹാര്‍ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാര്‍ക്ക് കുമാര്‍ 23,82,228 രൂപയുടെ ചെക്ക് കൈമാറി. ഇത് കുമാറിന്‍റെ ആദ്യത്തെ ജോലിയായിരുന്നു. കോളേജില്‍ ജോയിന്‍ ചെയ്തതിനു ശേഷം വിദ്യാഭ്യാസത്തിന്‍റെ ഒരു അന്തരീക്ഷവും കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരു കോളേജിലേക്ക് മാറ്റിയില്ലെങ്കില്‍ അത് തന്‍റെ കരിയറിനെ ബാധിക്കുമെന്നും കുമാര്‍ പരാതിപ്പെട്ടു. എന്നാല്‍, പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പി.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യപ്പെട്ടിട്ടും സ്ഥലംമാറ്റം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അറിയിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും പൂര്‍വ വിദ്യാര്‍ഥിയാണ് ലാലന്‍ കുമാര്‍. എന്നാല്‍, കുമാറിന്‍റെ ഈ നീക്കത്തിന് പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യമുണ്ടെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകാത്തത് മാത്രമല്ല ഈ നീക്കത്തിനു കാരണമെന്നും, ബിരുദാനന്തര ബിരുദ വിഭാഗത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള തന്ത്രമാണെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.
അതേസമയം, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആര്‍ കെ താക്കൂര്‍ പ്രൊഫസറിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ശമ്പളം തിരികെ നല്‍കാനുള്ള തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു. വിഷയം വൈസ് ചാന്‍സലറുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും ക്ലാസുകളില്‍ ഹാജര്‍ കുറവായതിന് പിന്നില്‍ നിതീഷേശ്വര്‍ കോളജ് പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം തേടുമെന്നും താക്കൂര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.