25 June, 2022 04:24:43 PM
കുവൈറ്റിലേക്ക് മനുഷ്യക്കടത്ത്: അജുവിന്റെ അക്കൗണ്ട് വഴി മറിഞ്ഞത് ലക്ഷങ്ങൾ
കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്തു നടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പത്തനംതിട്ട സ്വദേശി അജുമോന്റെ അക്കൗണ്ടിൽ നടന്നത് ലക്ഷങ്ങളുടെ സാന്പത്തിക ഇടപാടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ രവിപുരം എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് ലക്ഷങ്ങളുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്ക് മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സുഹൃത്തായ കുവൈറ്റ് സ്വദേശിയുടെ സംരക്ഷണയിലാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. കുവൈറ്റ് സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്റെ മറ്റൊരു പാർട്ണർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.