10 July, 2016 10:36:39 AM
യുജിസി നെറ്റ് പരീക്ഷയുടെ പുതിയ നിബന്ധനകള്‍ വിദ്യാര്‍ഥികളെ വലച്ചു
കൊച്ചി: യുജിസി നെറ്റ് പരീക്ഷയുടെ പുതിയ നിബന്ധനകള്‍ കാരണം പരീക്ഷ എഴുതാനെത്തിയവര്‍ വലഞ്ഞു. മാനവിക വിഷയങ്ങളിലുള്ള യുജിസി ദേശീയ യോഗ്യത പരീക്ഷയാണ് ഇന്ന് നടക്കുന്നത്. രാവിലെ ഏഴിനു പരീക്ഷാ കേന്ദ്രത്തിലെത്തണമെന്ന നിബന്ധന നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും യുജിസിക്ക് അനുകൂലമായിരുന്നു കോടതി നിലപാട്. എന്നാല്‍ പരീക്ഷയ്ക്കായി ഏഴു മണിക്കു വിദ്യാര്‍ഥികളെത്തിയെങ്കിലും പല കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിനു അധ്യാപകരെത്തിയപ്പോള്‍ എട്ടുമണിയായി. ഏഴിനു പരീക്ഷ കേന്ദ്രത്തില്‍ എത്താന്‍ ആവശ്യപ്പെട്ടതോടെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ തലേ ദിവസം തന്നെ നഗരത്തിലെത്തി ഹോട്ടലുകളില്‍ താമസിക്കേണ്ടി വന്നു. രാവിലെ ഏഴിനു മുന്‍പു തന്നെ സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ക്കു പക്ഷേ ഗേറ്റിനു മുന്നില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കാനായിരുന്നു യോഗം.
മുന്‍പെങ്ങുമില്ലാത്ത സമയ നിബന്ധന കാരണം വിദ്യാര്‍ഥികള്‍ നേരത്തെയെത്തിയെങ്കിലും ഏഴു കഴിഞ്ഞിട്ടും പല സ്കൂളുകളിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചില്ല. കനത്ത മഴ കൂടിയായതോടെ മഴ നനഞ്ഞു നില്‍ക്കേണ്ട ഗതികേടിലായിരുന്നു വിദ്യാര്‍ഥികള്‍. കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതാനെത്തിയവരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ ഗേറ്റ് തുറക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഗേറ്റ് തുറന്നു തരണമെന്നു ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വരാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു സെക്യൂരിറ്റി ജീവനക്കാര്‍. എട്ടു മണിയോടെ മാത്രമാണു പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നു മാവേലിക്കരയില്‍ നിന്ന് എത്തിയ ലിഞ്ചു രാജന്‍ പറഞ്ഞു. മഴ കനത്തതോടെ നനഞ്ഞു കുളിച്ചാണു പലരും പരീക്ഷാ ഹാളുകളിലെത്തിയത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങളിലായാണു കേരളത്തില്‍ യുജിസി പരീക്ഷ നടക്കുന്നത്. സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പ് ഏറ്റെടുത്തതിനു ശേഷമാണു മുന്‍പില്ലാത്ത പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നു പരീക്ഷയെഴുതാനായി പ്രധാന നഗരങ്ങളിലെത്തുന്നവര്‍ക്കു ഇത് ഏറെ ബുദ്ധിമുട്ടാണു സൃഷ്ടിച്ചിരിക്കുന്നത്. ഒന്‍പതരയ്ക്കു മുന്‍പു ഹാളിലെത്തിയാല്‍ മതിയെന്ന പഴയ നിബന്ധന പുനഃസ്ഥാപിക്കണമെന്നു പത്തനംതിട്ടയില്‍ നിന്നു പരീക്ഷ എഴുതാനെത്തിയ പ്രിയദര്‍ശന്‍ ജോയി പറഞ്ഞു. മൂന്നു സെക്ഷനായി വൈകുന്നേരം നാലര വരെ നീളുന്ന പരീക്ഷയ്ക്കു ഏഴു മണിക്കു എത്താന്‍ പറയുന്നതു കുട്ടികളോടുള്ള ദ്രോഹമാണെന്നു മാതാപിതാക്കള്‍ പറഞ്ഞു.അധികൃതരുടെ തലതിരിഞ്ഞ തീരുമാനങ്ങള്‍ കാരണം പരീക്ഷയെഴുത്തു വിദ്യാര്‍ഥികള്‍ക്കു വന്‍ പരീക്ഷണമായി മാറിയിരിക്കയാണ്. കഴിഞ്ഞയാഴ്ചയില്‍ നടന്ന സയന്‍സ് വിഷയങ്ങള്‍ക്കുള്ള സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയിലും ഇതേ പ്രശ്നങ്ങളുണ്ടായിരുന്നു