16 June, 2022 07:30:11 AM
പശുവിന് സുഖമില്ലെന്ന് പറഞ്ഞ് മൃഗഡോക്ടറെ വിളിച്ച് വരുത്തി; നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു
പട്ന: ബീഹാറിലെ ബാഗുസരായി ജില്ലയിൽ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഡോക്ടർ സത്യം കുമാർ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂർവം വിളിച്ചു വരുത്തിയശേഷം ഒരു പെൺകുട്ടിയുമായി നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയായിരുന്നു.
ഏറെ വൈകിയും സത്യം കുമാർ വീടെത്താത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിച്ചപ്പോഴാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ സത്യം കുടുംബം അറിയുന്നത്. തുടർന്ന് കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇത്തരമൊരു സംഭവം വിചിത്രമാണെന്ന് തോന്നുമെങ്കിലും ബിഹാറിൽ ഇത് സാധാരണമാണ്. ഇങ്ങനെയുള്ള വിവാഹങ്ങളെ പകഡ്വാ വിവാഹ് എന്നാണ് പറയപ്പെടുന്നത്. ലാഖിസാരൈ, ജാമുവി, മുംഗർ, പാട്‌ന, ബെഗുസരായ്, നളന്ദ, ഭഗൽപുർ, എന്നീ പ്രദേശങ്ങളിൽ ഇത്തരം വിവാഹങ്ങൾ സാധാരണമാണത്രേ. പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കുടുംബത്തിലെ പെൺകുട്ടിയുമായി വിവാഹം കഴിപ്പിക്കുന്നതാണ് രീതി.