27 May, 2022 01:04:17 PM


മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 12 ദിവസത്തിനിടയിൽ മൂന്നാമത്തെ ആത്മഹത്യ



കൊല്‍ക്കത്ത: നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിന്‍റെ മരണത്തിനു പിന്നാലെ ബംഗാളിൽ മറ്റൊരു മോഡൽ കൂടി മരിച്ച നിലയിൽ. ബംഗാളിലെ പ്രശസ്ത മോഡലായ മഞ്ജുഷ നിയോഗിയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊൽക്കത്തയിലെ അപാർട്മെന്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മഞ്ജുഷയുടെ മൃതദേഹ കണ്ടെത്തിയത്. 

കൊൽക്കത്തയിലെ പട്ടൂലിയിൽ കുടുംബത്തിനൊപ്പമാണ് മഞ്ജുഷ താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് മഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദിഷ ഡേയുടെ മരണത്തിന് പിന്നാലെ കടുത്ത നിരാശയിലായിരുന്നു മഞ്ജുഷയെന്ന് അമ്മ പറയുന്നു. മഞ്ജുഷയുടെ അടുത്ത സുഹൃത്താണ് കഴിഞ്ഞ ദിവസം മരിച്ച ബിദിഷ ഡേ മജുംദാർ. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിദിഷയ്ക്കൊപ്പം താമസിക്കണമെന്ന് മഞ്ജുഷ നിരന്തരം പറഞ്ഞിരുന്നതായി അമ്മ പറയുന്നു. ബിദിഷയെപ്പോലെ മാധ്യമങ്ങൾ തങ്ങളുടെ വീട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മകൾ പറഞ്ഞപ്പോൾ ശകാരിച്ചിരുന്നതായും അമ്മ പറയുന്നു.

ജനപ്രിയ ബംഗാളി ടെലിവിഷൻ നടി പല്ലവി ഡേയെയും ദിവസങ്ങള്‍ക്ക് മുമ്പ് ഗാർഫ ഏരിയയിലെ വാടക അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ 12 ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളില്‍ ആത്മഹത്യ ചെയ്ത നടികളുടെ എണ്ണം മൂന്നായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K