29 March, 2022 05:31:22 PM


നുവാൽസിൽ എം. കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം: ഉദ്‌ഘാടനം 4ന്



കൊച്ചി: ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ പ്രശസ്ത അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായ എം. കെ. ദാമോദരന്‍റെ പേരിൽ കേരള സർക്കാരിന്റെ സഹായത്തോടെ ആരംഭിക്കുന്ന സീനിയർ അഡ്വക്കേറ്റ് എം. കെ. ദാമോദരൻ സെന്റർ ഓഫ് എക്സലൻസ് ഇൻ ലോ യുടെ ഉദ്‌ഘാടനം ഏപ്രിൽ 4ന് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ നിയമവകുപ്പ്‌ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഓഫീസ് ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവും വെബ്സൈറ്റ് ലോഞ്ചിങ് ഹൈബി ഈഡൻ എം. പി. യും നിർവഹിക്കും.

അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അനിൽകുമാർ കെ. എൻ., കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി, രജിസ്ട്രാർ മഹാദേവ് എം. ജി.  എന്നിവർ പ്രസംഗിക്കും. ഐക്യ രാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചർച്ചയ്ക്ക് പോകുന്നവർ, അഭിഭാഷകർ, ന്യായാധിപന്മാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമ ഉപദേശകർ, ജനപ്രതിനിധികൾ, നിയമ പരിജ്ഞാനം ആവശ്യം വേണ്ട മേഖലകളിൽ പ്രവർത്തിക്കുന്നവർ, നിയമ സഹായത്തിനും മനുഷ്യാവകാശസംരക്ഷണത്തിനും  ഉള്ള സന്നദ്ധപ്രവർത്തകർ തുടങ്ങിയവരെയെല്ലാം നിയമ സേവനങ്ങളിൽ മികവുള്ളവരാക്കാനും നിയമ നിർമാണം, അന്താരാഷ്ട്ര ഉടമ്പടി രൂപപ്പെടുത്തൽ, കരാറുകളിൽ ഏർപ്പെടൽ, നീതിന്യായ നിർവഹണം, ഭരണ നിർവഹണം, നിയമ വിദ്യാഭ്യാസം, നിയമ ഗവേഷണം തുടങ്ങീ നിയമത്തിന്റെ സമസ്ത മേഖലകളിലും ഗുണ നിലവാരമുള്ള സേവനം ഉറപ്പ് വരുത്താനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് അമേരിക്കയിൽ നിന്നുള്ള പ്രൊഫ. ഡനിഷ്യ കുവാസ് നയിക്കുന്ന ആഗോള നിയമ സേവനത്തിനുള്ള നൈപുണ്യ വികസനം എന്ന വിഷയത്തിലെ സർട്ടിഫിക്കറ്റ് കോഴ്സ്, നിയമത്തിന്റെ വിവിധ മേഖലകളിലുള്ള പരിശീലന പരിപാടി, ഡിജിറ്റൽ വിഭജനവും വിദ്യാഭ്യാസ പ്രാപ്യതയും, മധ്യസ്ഥതയുടെയും ആർബിട്രേഷന്റെയും ഫലപ്രദമായ വിനിയോഗം, കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ രോഗികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം, അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യത്തിനുള്ള അവകാശം എന്നീ വിഷയങ്ങളിലുള്ള ഗവേഷണ പ്രോജെക്ടുകൾ എന്നിവ ആരംഭിച്ചു കഴിഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K