27 March, 2022 01:42:37 PM


പ്ലസ് ടു പരീക്ഷ മാർച്ച് 31 മുതൽ; എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ



തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 426,999 കുട്ടികൾ എസ്.എസ്.എൽ.സി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും. 2962 പരീക്ഷാ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമായെന്നും മന്ത്രി അറിയിച്ചു. മെയ് 3 മുതൽ എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 31 മുതൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


42699 കുട്ടികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.408 കുട്ടികൾ പ്രൈവറ്റ് വിഭാത്തിലും പരീക്ഷയെഴുതും.2,18,902 ആൺകുട്ടികളും 2,08,902 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. ഗൾഫ് മേഖലയിൽ 9 സെന്ററുകളിലായി 574 കുട്ടികളും ലക്ഷദ്വീപിൽ 9 സെന്ററുകളിലായി 882 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. 4,32,436 പേർ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.3,65,871 കുട്ടികൾ റെഗുലർ വിഭാഗത്തിലും 20,768 കുട്ടികൾ പ്രൈവറ്റ് വിഭാഗത്തിലും 45,797 കുട്ടികൾ ഓപ്പൺ സ്‌കൂൾ വിഭാഗത്തിലും പരീക്ഷയെഴുതും.


219545 ആൺകുട്ടികളും 212891 പെൺകുട്ടികളുമാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുക. 2005 ആകെ പരീക്ഷ സെന്ററുകൾ ഉള്ളതിൽ ഗൾഫ് മേഖലയിൽ 8 സെന്ററുകളും ലക്ഷദ്വീപിൽ 9 സെന്ററുകളുമാണ് ഉള്ളത്. 30158 കുട്ടികളാണ് റെഗുലർ വിഭാഗത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നത്. 198 കുട്ടികൾ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും. 18331 ആൺകുട്ടികളും 11658 പെൺകുട്ടികളുമാണ് ഇത്തവണ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്.


പരീക്ഷകൾക്ക് മുന്നോടിയായി അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേർന്നു. പരീക്ഷാ സമയത്ത് പോലീസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആർടിസി എന്നിവയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂർവം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നല്ല തയാറെടുപ്പോടെയാണ് സ്‌കൂളുകൾ തുറക്കുന്നത്. ജൂൺ ഒന്നിന് എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.


അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി ശിൽപശാല സംഘടിപ്പിക്കും. സ്‌കൂളുകളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. ടി സി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പഠനവും മുടങ്ങില്ലെന്ന് മന്ത്രി അറിയിച്ചു. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുക്കും. അമിത ഫീസ് സംബന്ധിച്ച പരാതികൾ പരിശോധിച്ചു വരികയാണ്. ഒന്നാം ക്ലാസിൽ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വർഷം 5 വയസ്സായിരിക്കും. അടുത്ത വർഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K