28 February, 2022 05:29:22 PM


ഫുഡ് സയൻസ്: പഠന - ഗവേഷണങ്ങൾക്ക് എം.ജി. - എൻ. ഐ. എഫ്. റ്റി. ഇ. എം. സഹകരണം



കോട്ടയം : ഭക്ഷ്യ ശാസ്ത്ര-സാങ്കേതിക വിദ്യാരംഗങ്ങളിൽ യോജിച്ച പഠന - ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും അറിവും വൈദഗ്ധ്യവും പരസ്പരം കൈമാറുന്നതിനും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠന-ഗവേഷണ മേഖലകളിലെ സൗകര്യങ്ങളും അറിവുകളും പരസ്പരം പങ്കു വയ്ക്കുന്നതിനും മഹാത്മാഗാന്ധി സർവ്വകലാശാലയും തഞ്ചാവൂർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റപ്രണർഷിപ്പ് ആന്റ് മാനേജ്‌മെന്റും (എൻ.ഐ.എഫ്.റ്റി.ഇ.എം.) ധാരണാപത്രം ഒപ്പു വച്ചു.  ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് തഞ്ചാവൂർ എൻ.ഐ.എഫ്.റ്റി.ഇ.എം. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിലാണ് മഹാത്മാഗാന്ധി സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. പ്രകാശ് കുമാർ ബി. യും തഞ്ചാവൂർ എൻ.ഐ.എഫ്.റ്റി.ഇ.എം. ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും ധാരണാപത്രത്തിൽ ഒപ്പു വച്ചത്.


എൻ.ഐ.എഫ്.റ്റി.ഇ.എം. പോലെ ആഗോളതലത്തിൽത്തന്നെ അറിയപ്പെടുന്ന ഒരു സ്ഥാപനവുമായുള്ള സഹകരണം മഹാത്മാഗാന്ധി സർവ്വകലാശാലെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരണാണെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.  പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ഫുഡ് ടെക്‌നോളജി ഓണററി ഡയറക്ടർ ഡോ. ജിഷ എം.എസ്., കോഴ്‌സ് കോ-ഓർഡിനേറ്റർ ഡോ. അനൂജ തോമസ് എന്നിവരും സന്നിഹിതരായിരുന്നു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന് കീഴിൽ തഞ്ചാവൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എൻ.ഐ.എഫ്.റ്റി.ഇ.എം.  പഠന-ഗവേഷണ പ്രവർത്തനങ്ങൾ കൂടാതെ ഭക്ഷ്യ സംസ്‌കരണ വിപണന രംഗങ്ങളിൽ കൺസൾട്ടൻസി സേവനങ്ങളും പരിശീലന പ്രവർത്തനങ്ങളുമെല്ലാം ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തി വരുന്നു. 


ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഭക്ഷ്യധാന്യ സംസ്‌കരണം, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദനം, ഉപോത്പന്നങ്ങളുടെ വിപണനസാധ്യതകൾ, ഭക്ഷ്യ മേഖലയിലെ പാഴ്‌വസ്തുക്കളുടെ പുനരുപയോഗം തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രകരിച്ചുള്ളതാണ് എൻ.ഐ.എഫ്.റ്റി.ഇ.എം. നടത്തുന്ന പഠന - ഗവേഷണ പ്രവർത്തനങ്ങൾ ഗവേഷണ വികസനരംഗത്ത് സ്വദേശത്തും വിദേശത്തുമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണം മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നടത്തുന്ന വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സ്ഥാപനത്തിന് കീഴിൽ എം.എസ്.സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അവസാന സെമസ്റ്ററിലെ പ്രോജക്ട് ജോലികൾ തഞ്ചാവൂർ എൻ.ഐ.എഫ്.റ്റി.ഇ.എമിലും ചെയ്യുന്നതിന് ഇനി അവസരമുണ്ടാകുമെന്ന് ഓണററി ഡയറക്ടർ ഡോ. എം.എസ്. ജിഷ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K