24 February, 2022 06:02:17 PM


അന്താരാഷ്ട്ര മാതൃഭാഷാദിനത്തോടനുബന്ധിച്ച് നുവാൽസിൽ ഏകത്വവാരാചരണം



കൊച്ചി: ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രചരിപ്പിക്കാനായി സൻസ്‌കൃതി എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. സിറിയക്‌ തോമസ് മുഖ്യാഥിതിയായി. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പവും അതിനനുസരിച്ച് രൂപപ്പെട്ട സംസ്കാരവുമാണ് ഭരണഘടനാ സംവിധാനത്തെ നിലനിർത്തുന്നത് എന്ന് ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരസേനാനികൾ പിന്നീട് ഭരണാധികാരികൾ ആയപ്പോൾ പുലർത്തിയ പക്വതയും സഹിഷ്ണുതയും ഇന്നത്തെ നേതൃത്വം പുലർത്തുന്നുണ്ടോ എന്ന് സംശയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നുവാൽസ് വിദ്യാർത്ഥികൾക്കായി ചിത്രരചന, പോസ്റ്റർ നിർമാണം, കാലിഗ്രാഫി എഴുത്ത്, കവിതാ പാരായണം, വീഡിയോ നിർമാണം എന്നീ  മത്സരങ്ങൾ സംഘടിപ്പിച്ചു. വ്യക്തിഗത മത്സരങ്ങളിൽ സാന്ദ്ര സുനിൽ, അഭിരാമി ഒ.,  കാർത്തിക് മേനോൻ എന്നിവരും ഗ്രൂപ്പ് മത്സരത്തിൽ ഒന്നാം വർഷ ബി.എ. എൽഎൽ.ബി. വിദ്യാർഥികളും സമ്മാനർഹരായി.  തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നുവാൽസ് അധ്യാപകരായ പ്രൊഫ. ഡോ. മിനി എസ്.,  ഹരി എസ്. നായർ, ഡോ. അമ്പിളി പി., നന്ദിത നാരായൺ, സ്റ്റുഡന്റ് വെൽഫെയർ ഓഫീസർ ഡോ. സുജിത് എസ്., നുവാൽസ് ആർട്സ് ക്ലബ് സെക്രട്ടറി അശ്വിൻ സതീഷ് നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K