02 February, 2022 05:01:04 PM
ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കണമെന്ന് കെസിബിസി; മുഖ്യമന്ത്രിക്ക് കത്തയച്ചു
കൊച്ചി : ഞായറാഴ്ച നിയന്ത്രണത്തിനെതിരെ വീണ്ടും കെ സി ബി സി. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പ്രസിഡണ്ട് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന മൂലം ക്രൈസ്തവരുടെ ആരാധനാവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് കത്തില്‍ പറയുന്നു.
കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഞായറാഴ്ച മാത്രം ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതുവഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.