02 February, 2022 03:58:37 PM
രണ്ട് പെൺകുഞ്ഞുങ്ങളെ ബക്കറ്റിൽ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: രണ്ട് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെൺകുഞ്ഞുങ്ങളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. കുഴിത്തുറയ്ക്ക് അടുത്ത് കഴുവൻതിട്ട കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇവിടുത്തെ താമസക്കാരനായ ജപഷൈൻ എന്നയാളുടെ ഭാര്യ വിജി(27) ആണ് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വിജിയുടെ രണ്ട് വയസുള്ള മകൾ പ്രേയയും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ജപഷൈൻ വർക്കലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് ജപഷൈന്‍റെ അമ്മ വീടിന് അടുത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിയെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പിൻഭാഗത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർത്താണ്ഡം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.