08 January, 2022 06:32:00 PM
നീതി അതിവേഗം അർഹരായവർക്ക് ലഭ്യമാക്കണം - കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു
കൊച്ചി: കോടതികൾ പഴയ പോലെയല്ല, ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ, നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജ്ജു ചൂണ്ടിക്കാട്ടി. നീതി അതിവേഗം അർഹരായവർക്ക് എത്തിക്കണമെന്നും കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണമെന്നും ജഡ്‍മിമാരുടെ ഒഴിവുകളിൽ വൈകാതെ നിയമനം നടക്കുമെന്നും അതിനായി കോളേജിയവും കേന്ദ്ര സർക്കാരും സംയോജിച്ചു പ്രവർത്തിക്കുന്നെണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയ നിയമ സർകലാശാലയായ കളമശ്ശേരി നുവാൽസിൽ പതിനഞ്ചാമതു ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമബിരുദം നേടി പുറത്തുവരുന്നവരിൽ ചിലർ അഭിഭാഷകരാകുന്നു, ചിലർ കോർപ്പറേറ്റ് മേഖലയിലേക്ക് പോകുന്നു , മറ്റു ചിലർ രാഷ്ട്രീയത്തിലും . ഇതിൽ ഒരു സന്തുലനം വരുത്തണമെന്നും കേന്ദ്ര നിയമ മന്ത്രി പറഞ്ഞു. ബി എ എൽ എൽ ബി , എൽ എൽ എം , പി എച് ഡി കോഴ്സുകളിൽ വിജയിച്ചവർക്കുള്ള ബിരുദദാനം നുവാൽസ് ചാൻസലർ കൂടിയായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ നിർവഹിച്ചു.
ബി എ എൽ എൽ ബി റാങ്കുകാർക്കുള്ള സ്വർണ്ണമെഡലും എൻഡോവ്മെന്റ് അവാർഡുകളും കേന്ദ്ര മന്ത്രി കിരൺ റിജ്ജു വിതരണം ചെയ്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രത്യേക പ്രഭാഷണം നടത്തി. സംസ്ഥാന നിയമ ,വ്യവസായ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എം പി , തുടങ്ങിയവരും സംബന്ധിച്ച ചടങ്ങിൽ വൈസ് ചാൻസലർ ഡോ കെ സി സണ്ണി സ്വാഗതം ആശംസിച്ചു . ജസ്റ്റിസ് അനിൽ നരേന്ദ്രൻ , അഡ്വ ജനറൽ കെ ഗോപാലകൃഷ്ണകുറുപ്പ് , സ്റ്റേറ്റ് അറ്റോണി മനോജ് കുമാർ ,ലോ സെക്രട്ടറി ഹരി നായർ , നുവാൽസ് എക്സി കൗൺസിൽ അംഗം അഡ്വ നാഗരാജ് നാരായൺ എന്നിവരും സന്നിഹിതരായിരുന്നു.