02 December, 2021 11:12:40 AM
നടുറോഡിൽ അമ്മയ്ക്കും മകൾക്കും ക്രൂര മർദനം; നാലംഗസംഘത്തിൽ 2 സ്ത്രീകൾ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകളെയും നാലംഗ സംഘം ക്രൂരമായി മർദിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് സംഭവമുണ്ടായത്. രണ്ടു സ്ത്രീകളടക്കം നാലു പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. അമ്മ കാർ പാർക്ക് ചെയ്യുന്നതും മകൾ അതിൽനിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ സമയം ഇവിടെയെത്തിയ രണ്ടു സ്ത്രീകൾ മകളെ മർദിക്കാൻ ശ്രമിക്കുന്നു. ഇതു കണ്ട് അമ്മ കാറിൽനിന്ന് പുറത്തിറങ്ങുമ്പോൾ രണ്ടു പുരുഷൻമാർ കൂടി സ്ഥലത്തെത്തി വടികൊണ്ടും കൈകൊണ്ടും മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ അമ്മയും മകളും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.