17 November, 2021 07:57:48 AM
കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.3 ലക്ഷം തട്ടി: യുവാവ് ഹൈദരാബാദില്‍ പിടിയില്‍
കാസര്‍ഗോഡ്: കാനഡയിലേക്ക് വീസ വാഗ്ദാനം ചെയ്തു 3.3 ലക്ഷം രൂപ തട്ടിയയാള്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. തിരുവനന്തപുരത്ത് ഓഫീസ് നടത്തിയിരുന്ന മജീഷ് മനോഹരന് (35) ആണ് ഹൈദരാബാദ് മോഡി ബില്‍ഡിംഗില്‍ വച്ച് ബദിയടുക്ക പോലീസിന്റെ പിടിയിലായത്. ബദിയടുക്ക നീര്ച്ചാല് സ്വദേശി രവീന്ദ്ര നായക്കിന്റെ പരാതിയിലാണ് അറസ്റ്റ്. 2019 ലാണ് സംഭവം നടന്നത്.
പണം നല്കി ഏറെ നാള് കഴിഞ്ഞിട്ടും വിസ ലഭിക്കാതായതിനുപിന്നാലെ മജീഷ് ഓഫീസ് അടച്ച് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എഎസ്ഐ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്കെത്തിയ പോലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്. ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയില്‍ത്തന്നെ മൂന്നുപേര്‍ കൂടി ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.