06 November, 2021 12:34:06 PM
സ്വപ്ന സുരേഷ് ജയിൽ മോചിതയായി; പുറംലോകം കാണുന്നത് ഒരു വർഷത്തിനുശേഷം
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയിൽമോചിതയായി. ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. അമ്മയ്ക്കൊപ്പം കാറിലാണ് സ്വപ്ന പോയത്. എന്നാൽ എവിടേക്കാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെയാണ് സ്വപ്ന മടങ്ങിയത്.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റെയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാൻ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് എല്ലാ നടപടികളും പൂർത്തിയായത്