31 October, 2021 02:18:24 PM
ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി രാജിവച്ച് ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. നവംബർ 16നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 17ന് സൂഷ്മ പരിശോധന. 22 വരെ പത്രിക പിൻവലിക്കാം. 29ന് രാവിലെ ഒന്പതു മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചോടെ വോട്ടെണ്ണൽ നടക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കുന്നതിനായാണ് ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. എൽഡിഎഫിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് യുഡിഎഫിനൊപ്പം നിന്ന് കിട്ടിയ സീറ്റ് രാജി വച്ചത്. ആറ് മാസത്തിനുള്ളിൽ ഒഴിവ് നികത്തണം എന്നാണ് സാധാരണയുള്ള നടപടിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു. മുന്നണി മാറിയെത്തിയ ജോസിന് സീറ്റു നൽകാനാണ് സിപിഎമ്മിന് താത്പര്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.