26 October, 2021 11:08:52 AM
മോൻസനിൽ നിന്നും ഉപഹാരം വാങ്ങിയ സംഭവം; ഡിജിപി അനിൽ കാന്തിന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ മൊഴിയെടുത്തു. ഡിജിപിക്ക് മോൻസൻ ഉപഹാരം നൽകിയ ചിത്രവും പുറത്തു വന്നിരുന്നു. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് ഡിജിപിയോട് വിശദീകരണം തേടി. പ്രവാസി മലയാളി ഫെഡറേഷന്റെ ആറ് പേർ തന്നെ കാണാൻ വന്നിരുന്നതായി ഡിജിപി മൊഴി നൽകി. അക്കൂട്ടത്തിൽ മോൻസനും ഉണ്ടായിരുന്നു.
മോൻസണിനെ വ്യക്തിപരമായി അറിയില്ലെന്നാണ് അനിൽകാന്തിന്റെ മൊഴി. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകും. അതേസമയം, കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴിയും കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദർശിച്ചതിലുമാണ് അന്വേഷണസംഘം വിശദീകരണം തേടിയത്.