30 September, 2021 05:27:57 PM
മോന്സണ് മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് താരം കരീന കപൂറിന്റെ പേരിലുള്ള പോര്‍ഷെ കാറും
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തവയില്‍ ബോളിവുഡ് താരം കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ കാറും. ഒരു വര്‍ഷം മുമ്ബാണ് 2007 മോഡല്‍ പോര്‍ഷെ ബോക്സ്റ്റര്‍ കാര്‍ ഒരു വര്‍ഷം മുമ്ബാണ് പോലീസ് പിടികൂടുന്നത്. നിലവില്‍ ചേര്‍ത്തലയിലെ പൊലീസ് സ്റ്റേഷനിലാണ് വാഹനം.
ശ്രീവത്സം ഗ്രൂപ്പും മോന്‍സണുമായുണ്ടായ നിയമതര്‍ക്കത്തെ തുടര്‍ന്ന് 20ഓളം ആഡംബര വാഹനങ്ങള്‍ മോന്‍സണില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
കരീന കപൂറിന്റെ മുംബൈയിലെ വിലാസമാണ് കാര്‍ രജിസ്ട്രേഷന് രേഖകളില്‍ നല്‍കിയിരിക്കുന്നത്. രജിസ്ട്രേഷന് മാറ്റാതെ എങ്ങനെയാണ് മോന്സണ് കാര്‍ കൈവശം സൂക്ഷിച്ചിരുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. മോന്‍സന്റെ പക്കലുള്ള ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയവയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മിക്ക വാഹനങ്ങള്‍ക്കും മതിയായ രേഖകളില്ലെന്നും പറയുന്നു.
10 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് ആറുപേര്‍ ഡി.ജി.പിക്ക് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസുകള്‍ ചെയ്തുവരുകയാണെന്നും ഇതില്‍നിന്ന് ലഭിച്ച 2,62,600 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ തുകയും ഇന്‍വോയ്സും തമ്മിെല അന്തരം കാരണം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി തടഞ്ഞുവെെച്ചന്നുമാണ് ഇയാള്‍ പരാതിക്കാരെ വിശ്വസിപ്പിച്ചത്. തുക തിരികെ ലഭിക്കാന്‍ കേസ് നടത്തുകയാണെന്നും നിയമപോരാട്ടത്തിന് പണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ പലപ്പോഴായി പരാതിക്കാരില്‍നിന്ന് തുക വാങ്ങിയത്.
മുന്‍ ഡി.ജി.പി, പ്രമുഖ സിനിമതാരങ്ങള്‍, ബിസിനസുകാര്‍, രാഷ്ട്രീയനേതാക്കള്‍, ആത്മീയനേതാക്കള്‍ എന്നിവരെല്ലാമായി ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാണിച്ചിരുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാരനാണ് ഇയാള്‍ പറയുന്നതെല്ലാം കള്ളക്കഥകളാണെന്ന സൂചന പരാതിക്കാര്‍ക്ക് നല്‍കിയത്. ഇയാളുടെ കൈയിലുള്ള 70ശതമാനം പുരാവസ്തുക്കളും എറണാകുളത്തുനിന്ന് തുച്ഛവിലയ്ക്ക് വാങ്ങിയതാണെന്ന് പിന്നീട് വ്യക്തമായതായി പരാതിയില്‍ പറയുന്നു. ഇതിനുപുറമെ മോന്‍സണെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു.