19 September, 2021 11:29:59 AM
ഒരുക്കം തുടങ്ങി: ക്ലാസുകൾ ഷിഫ്റ്റുകളാക്കും; ബസില്ലാത്ത സ്കൂളിൽ പ്രത്യേക സംവിധാനം

തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. സ്കൂള്‍ തുറക്കുന്നതില്‍ തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മറിച്ചുള്ള പ്രചാരണം വാസ്തവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു. തീരുമാനങ്ങള്‍ പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളുകള്‍ തുറക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്നു വിപുലമായ പദ്ധതി തയാറാക്കും. ഇതിനുശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഇതുസംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് തീരുമാനം. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആദ്യദിനം മുതൽ പ്രവർത്തിക്കും. നവംബർ 15ന് മറ്റു ക്ലാസുകൾകൂടി ആരംഭിക്കാനും തീരുമാനിച്ചു.
ഒന്നര വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കുന്നതിനുള്ള തയാറെടുപ്പുകൾ ഉടൻ തുടങ്ങാനും 15 ദിവസം മുന്‍പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും വാക്സിനേഷൻ പൂർത്തിയാക്കണമെന്നു നേരത്തെ നിർദേശിച്ചിരുന്നു.