06 September, 2021 06:51:37 AM
70 രൂപയെ ചൊല്ലി തർക്കം: കടയുടമയെ മർദ്ദിച്ചു കൊലപ്പെടുത്തി; ഒരാൾ കസ്റ്റഡിയിൽ
ഇൻഡോർ: മധ്യപ്രദേശില്‍ 70 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ യുവാക്കൾ മര്‍ദിച്ച് കൊലപ്പെടുത്തി. ഇന്‍ഡോറിലാണ് സംഭവം. പിന്റു ദുബെ എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പിന്റു ദുബെയുടെ കടയില്‍ മദ്യപിച്ചെത്തിയ രണ്ടു പേര് സിഗരറ്റ് ആവശ്യപ്പെട്ടു. പിന്റു സിഗരറ്റ് നല്‍കിയെങ്കിലും ഇവര്‍ പണം നല്കാന് തയാറായില്ല. ഇതേതുടര്‍ന്ന് വലിയ തര്‍ക്കമുണ്ടായി.
തുടര്‍ന്ന് ഞായറാഴ്ചയും മദ്യപിച്ചെത്തിയ ഇവര്‍ പിന്റുവുമായി വീണ്ടും വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനൊടുവില്‍ കൈയില്‍ കരുതിയ ഇരുമ്പ് വടി ഉപയോഗിച്ച് പിന്റുവിനെ മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ പിന്റുവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ഇവര്‍ സമീപത്ത് കട നടത്തുന്ന വിജയ് സോളങ്കിയെയും വഴിയാത്രക്കാരെയും ആക്രമിച്ചു. പരിക്കേറ്റ് വഴിയില്‍ കിടന്ന പിന്റുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ബന്ധുക്കളായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ഒരാളെ പോലീസ് പിടികൂടി. അടുത്തയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.