30 August, 2021 05:26:44 PM
എ.വി. ഗോപിനാഥിന് പാർട്ടിയെ കൈയൊഴിയാനാവില്ല - കെ. സുധാകരൻ
തിരുവനന്തപുരം: പാലക്കാട്ടെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.വി ഗോപിനാഥിന്റെ രാജിയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഗോപിനാഥ് പാർട്ടി വിട്ട് പോകില്ലെന്ന് കരുതുന്നു. ഗോപിനാഥിനെ പാർട്ടിയുമായി സഹകരിപ്പിക്കാനാവും. അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാടുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ ഗോപിനാഥ് എടുത്ത തീരുമാനമാണ് പ്രാഥമിക അംഗത്വം രാജിവയ്ക്കുക എന്നത്. പാർട്ടിയെ കൈയൊഴിയാൻ ഗോപിനാഥിന് കഴിയില്ലെന്ന പൂർണ ആത്മവിശ്വാസത്തിലാണ് താനെന്നും സുധാകരൻ പറഞ്ഞു. അനിൽ അക്കര ഗോപിനാഥിനെ കുറിച്ച് പറഞ്ഞ പ്രസ്താവന ശരിയായില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.