21 August, 2021 09:47:55 AM


ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു; യുവാവ് അറസ്റ്റിൽ



ഹൈദരാബാദ്: ഉറങ്ങിക്കിടന്ന യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ആന്ധ്രപ്രദേശിലെ വിസിയാനഗരം ജില്ലയിൽ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ ഇന്നലെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാംബാബു എന്നയാളാണ് പിടിയിലായത്.  അറുപത് ശതമാനം പൊള്ളലേറ്റ ഇരുപത്തിയൊന്നുകാരി ചികിത്സയിലാണ്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന യുവാവ് ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ അടുത്ത് കിടന്ന സഹോദരിക്കും ഇവരുടെ അഞ്ച് വയസ്സുള്ള മകനും പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സഹോദരിക്ക് പൊള്ളലേറ്റതെന്നാണ് വിവരം. മൂന്ന് പേരും വിസിയനഗരം മഹാരാജ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളലേറ്റ മൂന്ന് പേർക്കും മികച്ച ചികിത്സ ഒരുക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദേശം നൽകി. യുവതിയെ ആക്രമിച്ച യുവാവിനെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നതായാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷമായി യുവതിയുമായി യുവാവ് പ്രണയത്തിലാണ്. ഇരുവരുടേയും വീട്ടുകാർ ചേർന്ന് വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാൽ യുവതി മറ്റൊരാളുമായി ഫോണിൽ സംസാരിക്കാറുണ്ടെന്ന് സംശയിച്ച യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഇതിനെ തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ വഴക്കുമുണ്ടായി. പൊലീസ് ഇടപെട്ടാണ് വ്യാഴാഴ്ച്ച തർക്കം അവസാനിപ്പിച്ചത്. ചർച്ചയ്ക്ക് ശേഷം പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് സമ്മതിക്കുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച്ച രാത്രി ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 
യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K