10 August, 2021 08:15:54 PM
യൂണിവേഴ്സിറ്റികളെ കുറിച്ച് നടത്തിയ സർവ്വേയിൽ നുവാൽസിനു മികച്ച റാങ്കിംഗ്
കൊച്ചി: ആഗോളതര മത്സരശേഷിയുള്ള മികച്ച സർവ്വകലാശാലകളെ തിരഞ്ഞെടുക്കാൻ നടത്തിയ ഇന്ത്യ ടുഡേ സർവേയിൽ നിയമ സർവകലാശാലകളുടെ വിഭാഗത്തിൽ നുവാൽസിനു മികച്ച നേട്ടം . അഖിലേന്ത്യ അടിസ്ഥാനത്തിൽ കരിയർ പ്രോഗ്രഷൻ പ്ലേസ്മെന്റിൽ രണ്ടാം റാങ്കും, ഇൻറ്റർ - യൂണിവേഴ്സിറ്റി മൂട്ട് കോർട്ട് മത്സരങ്ങളിൽ ഏറ്റവുമധികം വിജയം കരസ്ഥമാക്കിയ സ്ഥാപനം എന്ന നിലയിൽ നാലാം റാങ്കും മൊത്തം പ്രകടനത്തിൽ ആറാം റാങ്കും നേടി ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായി നുവാൽസ് തിരഞ്ഞെടുക്കപ്പെട്ടു.
പുതുതായി ആരംഭിച്ചിരിക്കുന്ന ഗെയിംഫിക്കേഷൻ , ജീവൻ കൗശൽ , എക്സിക്യൂട്ടീവ് എൽ.എൽ. എം. പോലുള്ള പരിപാടികൾ നടപ്പാക്കുന്നതോടുകൂടി സ്ഥാപനത്തിന്റെ റാങ്കിങ് വളരെ മുന്നിലേക്ക് ഉയരുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ കെ സി സണ്ണി അഭിപ്രായപ്പെട്ടു. നുവാൽസ് കൈവരിച്ച നേട്ടം മികച്ചതാണെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ വിലയിരുത്തുകയും അതിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
വൈസ് ചാൻസലർ പ്രൊഫ. ഡോ കെ സി സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജസ്റ്റിസ് അനിൽ നരേന്ദ്രൻ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മെമ്പറും സ്റ്റേറ്റ് അറ്റോർണിയുമായ അഡ്വ. മനോജ് കുമാർ, ഡോ. ജി. സി. ഗോപാല പിള്ള, ബാർ കൗൺസിൽ മെമ്പറായ അഡ്വ. അജിത് ടി. എസ്., മുൻ ബാർ കൗൺസിൽ ചെയർമാൻ കെ ബി മോഹൻദാസ്, മാനേജിങ് ട്രസ്റ്റീ അഡ്വ. നാഗരാജ് നാരായൺ, ഫിനാൻസ് അഡിഷണൽ സെക്രട്ടറി അനൂപ് എസ്., അഡ്വ. എൻ. ശാന്ത, അഡ്വ. സ്മിത സി. ഗോപി, പ്രൊഫ. മിനി എസ്. എന്നിവർ പ്രസംഗിച്ചു.