02 August, 2021 07:02:53 PM


കലാകായിക വിദ്യാഭ്യാസം, യോഗ ക്ലാസുകൾ ഉടൻ സംപ്രേഷണം ചെയ്യും - മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ കാരണം വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയതിനാൽ വിദ്യാർത്ഥികളുടെ മാനസിക നിലവാരം മനസിലാക്കി പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു .


കുട്ടികളുടെ മാനസിക നിലവാരം മനസ്സിലാക്കുന്നതിനുവേണ്ടി എസ് സി ഇ ആർ ടി തിരുവനന്തപുരം വിമൻസ് കോളേജുമായി ചേർന്ന് ഒരു പഠനം നടത്തിയിരുന്നു. ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽതന്നെ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കുകയും ആ പാനലിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള ക്ലാസുകൾ വിക്ടേഴ്‌സ് ചാനൽ നൽകുകയും ചെയ്തു. കലാ കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ക്ലാസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ ഈ പരിപാടികൾ സംപ്രേഷണം ചെയ്യും.


ഹയർസെക്കൻഡറി വിഭാഗത്തിലെ കൗമാരക്കാരായ വിദ്യാർഥികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സൗഹൃദ കോഡിനേറ്റർമാർ നൽകിവരുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ ഗവൺമെന്റ് റഫറൽ സംവിധാനങ്ങളിലേക്ക് റഫർ ചെയ്യാറുണ്ട്. കൈറ്റിന്റെ നേതൃത്വത്തിൽ 'ഉള്ളറിയാൻ' എന്ന പരിപാടി ഡിജിറ്റൽ ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിൽ മ:നശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.


ജീവിതനൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 'ഉല്ലാസപ്പറവകൾ' എന്ന പേരിലുള്ള പ്രവർത്തനം സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേക പഠനസാമഗ്രികൾ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യ പരിഗണനയാണ്. 'അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ'(ORC)എന്ന പദ്ധതിയും സ്കൂൾ കുട്ടികൾക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമമാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഊന്നൽ നൽകുന്നുണ്ട്.


ഹയർസെക്കൻഡറി വിഭാഗത്തിൽ ഓൺലൈൻ ക്ലാസുകളോടൊപ്പം തന്നെ കുട്ടികൾക്ക് മാനസികാരോഗ്യ ക്ലാസ്സുകൾ കൂടി നൽകി വരുന്നുണ്ട്. വിദ്യാർഥികൾക്കായി എല്ലാ ഞായറാഴ്ചകളിലും 'ഷി - അസംബ്ലി' എന്ന പദ്ധതി നടപ്പാക്കി വരുന്നു. ഹയർസെക്കൻഡറി വിഭാഗം സിജി ആൻഡ് എസി ജില്ലാ കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ 14 ജില്ലകളിലും ഓൺലൈൻ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K