29 July, 2021 09:13:29 AM
കട്ടതിനോ കവര്‍ന്നതിനോ അല്ല, യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ് - ജലീല്‍
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്."