24 June, 2021 11:59:14 AM


'എന്നാ പിന്നെ അനുഭവിച്ചോ'; ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ



തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫെന്‍ പറഞ്ഞത്. സ്വകാര്യ ചാനലിന്‍റെ ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്‍റെ പ്രതികരണം.

എറണാകുളത്ത് നിന്നുമായിരുന്നു ഒരു സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നുമായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ 'എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.


കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുന്നുണ്ട്. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. #goback josephine ക്യാംപയിനും സോഷ്യൽ മീഡിയയിൽ തുടങ്ങിയിട്ടുണ്ട്. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ മുമ്പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K