17 June, 2021 01:38:27 PM


സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയം; 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ കണക്കിലെടുക്കും



ദില്ലി: സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയം നടത്താൻ മാനദണ്ഡമായി. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയിൽ 12-ാം ക്ലാസ് ഫലം കണക്കാക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 10, 11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12-ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക.


ഹർജിയിൽ വിധി ഇന്നുണ്ടാകും. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. 10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30 ശതമാനം വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ - ബോർ‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക. പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കുകൾ സ്കൂളുകൾ സമർപ്പിക്കണം.

ഈ ഫലനിർണയം നിരീക്ഷിക്കാൻ 1000 സ്കൂളുകൾക്ക് ഒരു സമിതി എന്ന നിലയിൽ രൂപീകരിക്കു‌മെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ചില സ്കൂളുകൾ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വലിയതോതിൽ മാർക്ക് നൽകുകയും ചിലർ കുറവു നൽകുകയും ചെയ്യുന്ന പ്രവണതയുണ്ട്. ഇതു ഫലത്തെ ബാധിക്കാതിരിക്കാനാണ് ഈ സമിതിയെ രൂപീകരിക്കുന്നത്. ഇവ നടപ്പാക്കി ജൂലൈ 31ന് മുൻപ് ഫലം പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ കെ വേണുഗോപാൽ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K