08 June, 2021 01:51:04 PM
PWD 4U: റോഡുകളെ കുറിച്ച് പരാതികൾ അറിയിക്കാനുള്ള ആപ്പ് ഇന്ന് വൈകിട്ട് മുതല്‍
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് PWD 4U ഇന്ന് വൈകുന്നേരം മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി.
ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കും.
പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക. പൊതുമരാമത്ത് വകുപ്പിലെ റോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റർ റോഡുകളുടെ വിവരം ഈ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്‌ലോഡ് ചെയ്താൽ ഉടൻ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിന്‍റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്.
ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെ പങ്കാളിത്തവും ഈ ആപ്പ് ലക്ഷ്യത്തിലെത്തിക്കാൻ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടികാട്ടി.