04 June, 2021 02:42:59 PM
കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തി; ബന്ധുക്കള്‍ കൈയോടെ പൊക്കി
ലഖ്നോ: വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ് സംഭവം. വിവാഹദിനത്തില്‍ വീട്ടിലെത്തിയ സ്ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ വെപ്പുമുടി അഴിഞ്ഞുപോയി. എന്നിട്ടും പെണ്‍കുട്ടിയെ കാണണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ വിഗ്ഗ് എടുത്തുമാറ്റുന്നതും ദേഷ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹം നടത്തുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസിനെ അറിയിക്കാന്‍ ഒരുങ്ങിയതോടെ വീടിന് പുറത്ത് ബൈക്കില്‍ കാത്തിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് കടന്നുകളയുകയായിരുന്നു.