19 May, 2021 06:54:59 PM
പ്രതിപക്ഷത്തിന്‍റെ സത്യപ്രതിജ്ഞാ ബഹിഷ്കരണം ഭരണത്തുടര്‍ച്ച സഹിക്കാനാവാത്തതിനാല്‍ - വിജയരാഘവന്‍
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എല്‍ ഡി എഫിന്‍റെ ഭരണത്തുടര്‍ച്ച അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ളാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആവേശവും ആഹ്ളാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.