17 May, 2021 11:14:44 AM
9 വരെയുള്ള വിദ്യാർഥികളുടെ ക്ലാസ് കയറ്റത്തിന് 'വീട്ടുപരീക്ഷ'; ചർച്ച ചെയ്യാൻ യോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. രണ്ട് ദിവസത്തിനകം ചേരുന്ന യോഗത്തിൽ കുട്ടികളുടെ സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളും. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന 'വീട്ടുപരീക്ഷ' കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് യോഗം ചർച്ച ചെയ്യുക.
കുട്ടികൾക്കും അധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് പഠനനിലവാരം അളക്കാൻ വീട്ടിൽ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തത്. എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം കൈക്കൊള്ളുന്നത്.