24 March, 2021 04:39:43 PM
വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; പിണറായിക്ക് മറുപടിയുമായി എൻഎസ്എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസ് ആവശ്യങ്ങളിൽ പൊതുസമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്ക്കും അറിയാം. മന്നംജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധി ആക്കണമെന്ന ആവശ്യവും സംസ്ഥാന സർക്കാർ നിരസിച്ചു. മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.
നേരത്തേ, എൻഎസ്എസിനെതിരേ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തുടർച്ചയായി വിമർശിക്കുന്നതിൽ പൊതുസമൂഹത്തിന് സംശയമുണ്ട്. ഇക്കാര്യം സുകുമാരൻ നായർ മനസിലാക്കുന്നത് നല്ലതാണ്. എൻഎസ്എസിനോട് തനിക്കും സർക്കാരിനും പ്രത്യേക പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.