14 March, 2021 06:53:57 PM
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 9 വനിതകള്‍; തരൂരില്‍ ഷീബയും വൈക്കത്ത് സോനയും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒമ്പത് വനിതകള്‍. അരൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ഷാനിമോള്‍ ഉസ്മാന് സീറ്റ് ഉറപ്പായിരുന്നു. മുന്‍ മന്ത്രിയായ പി.കെ. ജയലക്ഷ്മി വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് ജനവിധി തേടുന്നത്. പത്മജ വേണുഗോപാല്‍ തൃശൂരില്‍ നിന്ന് മത്സരിക്കും. കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്ത് നിന്ന് ജനവിധി തേടും.
ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗമായിരുന്ന 27കാരിയായ അരിത ബാബു കോണ്‍ഗ്രസിന്‍റെ പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ഥിയായി കായംകുളത്ത് മത്സരിക്കും. കെ.എ. ഷീബ തരൂരില്‍ നിന്നും പി.ആര്‍. സോന വൈക്കത്ത് നിന്നും രശ്മി ആര്‍ കൊട്ടാരക്കരയില്‍ നിന്നും അന്‍സജിത റസല്‍ പാറശ്ശാലയില്‍ നിന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. 92 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും 86 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്.