20 February, 2021 10:38:39 PM
ഹലാല്‍ ചിക്കന്‍ കഴിക്കാന്‍ ആരെയെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ? - ചെന്നിത്തല
കൊല്ലം: കേരളത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ മറ്റ് സമുദായങ്ങളില്‍ എതിര്‍പ്പ് വളര്‍ത്തിയെടുക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹലാല്‍ ചിക്കന്‍ വേണ്ട എന്ന് പലയിടത്തും എഴുതിവെക്കുന്നു. ഹലാല്‍ ചിക്കന്‍ കഴിക്കണമെന്ന് ആരെയെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധപൂര്‍വം എതിര്‍പ്പ് വളര്‍ത്തിയെടുക്കുന്നത് കേരളത്തിന് ഗുണകരമല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരു മതത്തില്‍ വിശ്വസിക്കാത്തവരുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന നാടാണിത്. മതസൗഹാര്‍ദത്തെ തകര്‍ത്ത് രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ കളിയും കളിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു -ചെന്നിത്തല പറഞ്ഞു.