19 February, 2021 02:38:05 PM
ജെസ്നയുടെ തിരോധാനം: കേസ് സിബിഐയ്ക്ക്; തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും
കൊച്ചി: ജെസ്ന മരിയ ജയിംസ് തിരോധാനക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ചുമതല. വാഹന സൗകര്യം ഉൾപ്പെടെ സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കേസ് ഡയറി അടക്കമുള്ള രേഖകൾ കൈമാറാൻ പോലീസിന് കോടതി നിർദേശം നൽകി.
കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു. ജസ്നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നുനെന്ന് കേന്ദ്ര സർക്കാരിനായി എഎസ്ജിയും പറഞ്ഞു.
ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്കിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സാധ്യമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്.