11 February, 2021 07:38:18 PM


മഹാത്മാഗാന്ധി സർവകലാശാലയിൽ അന്താരാഷ്ട്ര പോളിമർ സമ്മേളനം 12 മുതല്‍



കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും പോളണ്ടിലെ റോക്ലാവ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി 'പോളിമേഴ്‌സ്, പോളിമർ ബ്ലെൻഡ്‌സ്, നാനോ കോമ്പോസിറ്റ്‌സ് ഫോർ ട്രാൻസ്‌പോർട്ട്' എന്ന വിഷയത്തിൽ രാജ്യാന്തര ഓൺലൈൻ സമ്മേളനം നടത്തുന്നു. ഫെബ്രുവരി 12 മുതൽ 14 വരെയാണ് സമ്മേളനം.


പോളിമർ സയൻസ് രംഗത്തെ രാജ്യാന്തര വിദഗ്ധനും (ലോകറാങ്കിംഗിൽ ആദ്യ 2 ശതമാനത്തിലും ഇന്ത്യയിലെ രണ്ടാം സ്ഥാനവും) മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറുമായ പ്രൊഫ. (ഡോ.) സാബു തോമസ് ആണ് സമ്മേളനത്തിന്റെ അധ്യക്ഷൻ. റോക്ലാവ് സർവകലാശാലയിലെ പ്രൊഫ. മസിയേജ് ജറോവിസ്‌കി സമ്മേളനം ഉദ്ഘാടനം ചെയ്യും.


ജർമനിയിലെ ആച്ചെൻ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ എൻജിനീയറിംഗിലെ പ്രൊഫ. ജെറാർഡ് എം. ആർട്ട്മാൻ പ്രതിനിധികളെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്യുന്നതാണ്. സമ്മേളനത്തിന്റെ മുഖ്യപഠനവിഷയങ്ങൾ പോളിമർ സ്തരങ്ങളുടെ അടിസ്ഥാനതത്വങ്ങൾ, ഈ മേഖലയിൽ ഇന്ന് നേരിടുന്ന വെല്ലുവിളികൾ, പുതിയ അവസരങ്ങൾ, പരിഹാരമാർഗങ്ങൾ എന്നിവയാണ്. പരിപാടിയിൽ 16 മുഖ്യപ്രഭാഷണങ്ങൾ, 56 ക്ഷണിതാക്കളുടെ പ്രഭാഷണങ്ങൾ, 31 ലഘു പ്രഭാഷണങ്ങൾ, വിദ്യാർഥികൾക്കായുള്ള 19 പോസ്റ്ററുകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. യൂറോപ്പിലെ സംയുക്ത ഗവേഷണപദ്ധതിയായ 'ഹൊറൈസൺ 2020' മുതലായവയിലുള്ള ചർച്ചാവതരണങ്ങളും ഉണ്ടായിരിക്കുന്നതാണ്.


പോളിമർ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഒരു ഫോറം രൂപീകരിക്കുക എന്നതും സമ്മേളനത്തിന്റെ ലക്ഷ്യമാണ്. ജർമനി, ജപ്പാൻ, റഷ്യ, ബ്രൂണെ, ഇസ്രായേൽ, ഫ്രാൻസ്, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ്.
ഫെബ്രുവരി 14-ാം തീയതി വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സാബു തോമസ് നയിക്കുന്നതും എട്ടുമണിക്ക് അവസാനിക്കുന്നതുമായിരിക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.membranes.macromol.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയും membrane@macromol.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയും ചെയ്യുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K